Saturday, November 20, 2010

ഇനിയും ജന്മങ്ങളുണ്ടാകും

നിയും ജന്മങ്ങളുണ്ടാകും, അതിലിനിയും സ്വപ്നങ്ങളുണ്ടാകും!

വസന്തഗ്രീഷ്മഹേമന്തവർഷങ്ങൾ തുന്നിയോരുറുമാലിൽ-

വീണ്ടും ജീവിതനൂലിഴകൾ ഇണ ചേരും;

അവിടെയും കണ്ണീരിന് മധുരമുണ്ടാകില്ല!!

                                          

തേടുന്നു ജന്മാന്തരങ്ങൾ, ജന്മാന്തരങ്ങളെ പ്രണയിക്കാനാകില്ല! 

കാലമൊരുക്കുന്നാ യവനികയ്ക്കുള്ളിൽ, എന്നോ മറഞ്ഞ-

കിനാക്കളും, എന്നിൽ നിറഞ്ഞ വ്രണങ്ങളും തിരികെയെത്തും;

അവിടെയും വേദന പുളകിതനാക്കില്ല!!


മൃത്യുവിൻ കുളിരിലുറഞ്ഞൊരാ ദു:ഖങ്ങൾ വീണ്ടും വിരുന്നെത്തും!

നോവിന്റെ തേങ്ങലിൽ, നെഞ്ചിന്റെ വിങ്ങലിൽ-

തല ചായ്ക്കാനൊരുചുമലവിടെയും വേണം;

അവിടെയും നിരാശ ഉന്മത്തനാക്കില്ല!!

 

കൊതിക്കാനൊന്നുമില്ല കാരണങ്ങൾ, ഇനിയുമൊരു ജന്മം;

അനുഭവം സാക്ഷിയാണതിനൊക്കെയും!!

പക്ഷേ വേണമെനിക്കിനിയൊരു ജന്മം, അവിടെങ്കിലും-

അവളുണ്ടാകുമെൻ ചാരത്തെന്ന പ്രതീക്ഷയിൽ!!

Tuesday, August 10, 2010

പ്റണയപുഷ്പം

അകലെയേതോ കനവ് മൂടിയ രാവില്-
ഞാന്‍ കന്ടൊരാ സുഖശീതള സ്വപ്നമ്!!!
എന്നിലാദ്യമായ് പ്രണയമുണര്ത്തിയ-
വര്ണ്ണരാജിത സുപ്തസഖി!!!
****
കുഢ്മളേച്ഛുവാം വണ്ടു പോലെയാ-
കനവ്വാടിയില്‍ ഒരു പൂവ് തേടി ഞാന്!
നിര്മ്മലോദ്യാനത്തില്‍ എന്നെ തരളിതനാക്കിയോരാ-
പ്രണയകുസുമം തേടി ഞാന്...

തേടുമാപൂവിന്‍ സൌരഭ്യവുമ്,
അതിലുതിരും മധുവിന്‍ മാധുര്യവുമ്...
ഞാനുന്മത്തചിത്തനായ് പാറിനോക്കി!!!
എവിടെയോ ഇലകള്‍ തണലേകി,
മാരുതന്‍ ലാളിച്ചു പാലിച്ചു,
ഉദ്യാനമദ്ധ്യത്തില്...അവളു-
ണ്ടതെന്‍ മനം ചൊല്ലുന്നു...
ചെല്ലണമ്, കാണണമ്, കരേറണമ്-
അവളുടെ മനവും മിഴിയുമൊക്കെയുമ്!
****
കണ്ടില്ല...ഏറെ തേടി നോക്കി!

എത്തിയില്ലവളുടെ ചാരെയൊട്ടുമ്! 

പണ്ടെങ്ങോ ഞാന്‍ താഢിച്ചു

വീഴ്ത്തിയോളുടെ വിലാപമ്-
കേട്ടില്ല ഞാനൊട്ടുമ്!
ലതതിങ്ങും വഴിയിലൂടൊട്ടു ദൂരമ്-
താണ്ടുവാനുണ്ടിനിയുമെന്ന് മനമ്-
കുസ്റ്തിയാല്‍ മെല്ലെ പറഞ്ഞു കാതില്!
അപ്പോഴും തുഷാരബാഷ്പം ചിന്തി,
അവള്ക്ക് തണലേകി ഇലകള്‍ നിന്നു!!!
-------

Thursday, September 10, 2009

അശ്വത്ഥാമാവ്

ചിരഞ്ജീവിയാണെന്നറിഞ്ഞു, പക്ഷേ കണ്ടില്ല പിന്നീടൊരിക്കലും,

ബ്രഹ്മാസ്ത്ര പ്രയോഗ പരാജയത്തിനു ശേഷം

ഇതിഹാസ പുസ്തകത്താളുകളില്‍-തേടി ഞാനലഞ്ഞു; 

പകയുടെ നെരിപ്പോടു –പേറുന്നോരാത്മാവിനെ, “അശ്വത്ഥാമാവിനെ”

കണ്ടില്ല ഞാന്‍, ഇതിഹാസങ്ങളില്‍, പുരാണങ്ങളില്‍,

ശാസ്ത്ര-സാങ്കേതിക വിജ്ഞ്ഞാനകോശങ്ങളില്‍-

യുദ്ധഭൂവില്‍ പരാജിത ശിരസ്സുമായ് നിന്ന ശേഷം!!!

കണ്ടറിഞ്ഞു ഞാന്‍ ചരിത്രപുസ്തകങ്ങള്‍ക്കുള്ളില്‍ നിന്നും-

നാല്പ്പത്തേഴില്‍, കല്ക്കത്താ തെരുവുകളില്‍,

ആ ചിരഞ്ജീവി തന്‍ ഘോര നടനശില്പം!!!

പിന്നീടു കേട്ടു ഞാന്‍ സിഖു വിലാപം-എണ്‍പത്തിനാലില്‍,

ദ്രോണപുത്രന്റെ മറ്റൊരു ദര്‍ശനം!!!

പിന്നെയുമൊരുപാടുവട്ടം കണ്മുന്നില്‍-ദ്രൌണിയാടുന്ന ചുടല നൃത്തം-

ഗുജറാത്തില്‍, മലെഗാവില്‍, മക്കാ മസ്ജിദില്‍…

ആസ്സാമും, മാറാടും, പിന്നെയാ കാശ്മീരും പലവട്ടം പൊട്ടിച്ചിതറി!!!

പിന്നെയിവിടെയീ മുംബൈയില്‍ ഇരുന്നൂറു കബന്ധങ്ങള്‍!!!

നോവോടെ കൊതിക്കുന്നു….സുയോധന പൊളിവചനം

നേരായ് ഭവിച്ചെങ്കില്‍…,പക്ഷേ ആരാണതിനി ചൊല്ലുക…?

“അശ്വത്ഥാമാ ഹത:”അന്തി ക്രിസ്തുവോ…? കല്‍ക്കിയോ…? ഈസാ നബിയോ…?

മറ്റൊരു കലാപം ഇവിടെ തുടങ്ങുന്നു!!!